Breaking News

Recent Posts:

Technews


നോക്കിയ ആഷ 501 ബുക്ക് ചെയ്യാം; വില 5,199 രൂപ
Posted on: 2 Jun 2013





നോക്കിയ കമ്പനി അതിന്റെ ആഷ 501 ഫോണിന് ഇന്ത്യയില്‍ മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങി. നോക്കിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് 5,199 രൂപയ്ക്ക് ഫോണ്‍ ബുക്ക് ചെയ്യാം.

അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ - കറുപ്പ്, വെളുപ്പ്, സിയാന്‍, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ - ആണ് ആഷ 501 ( Nokia Asha 501 ) രംഗത്തെത്തുക. പക്ഷേ, ഈ ഫോണ്‍ ലഭ്യമാകുന്ന കൃത്യമായ തീയതി നോക്കിയ നല്‍കിയിട്ടില്ല.

നോക്കിയയുടെ പുതിയ ആഷ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണം എന്ന നിലയ്ക്ക് കഴിഞ്ഞ മാസമാണ് ആഷ 501 അവതരിപ്പിക്കപ്പെട്ടത്.


ആഷ പരമ്പരയില്‍ മുമ്പിറക്കിയ മോഡലുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രവേശനമുള്‍പ്പടെ കൂടുതല്‍ ഫീച്ചറുള്‍ ആഷ 501 ലുണ്ട്. പക്ഷേ, ഇതിനെ പൂര്‍ണതോതിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ല.

ആഷ 501 ന്റെ മുഖ്യ സവിശേഷതയായി നോക്കിയ അവകാശപ്പെടുന്നത് വേഗമേറിയ ടച്ച്പാഡാണ് സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ചെറുതും സൗകര്യപ്രദവുമാണ് വെറും 92 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണ്‍.

മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനുള്ള ആഷ 501 ന് 240 X 320 പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലെയാണുള്ളത്. 3.2 മെഗാപിക്‌സല്‍ പിന്‍ക്യാമറയുള്ള ആഷ 501, ഒറ്റ സിം, ഇരട്ട സിം മോഡലുകളുണ്ട്. കണക്ടിവിറ്റിക്കുള്ളത് വൈഫൈയും ബ്ലൂടൂത്തും. ത്രീജി, ജിപിഎസ് എന്നിവ ഇല്ല.


64 എംബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ സ്‌റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. മാത്രമല്ല, 4ജിബി കാര്‍ഡ് ഫോണിനൊപ്പം നോക്കിയ സൗജന്യമായി നല്‍കുന്നുമുണ്ട്. ഫോണിന്റെ ടോക്ക് ടൈം 17 മണിക്കൂറും, സ്റ്റാന്‍ഡ്‌ബൈ ടൈം 26 ദിവസവുമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്.

സിഎന്‍എന്‍, ഇബഡ്ഡി, ഇഎസ്പിഎന്‍ , ഫെയ്‌സ്ബുക്ക്, ഫോര്‍സ്‌ക്വയര്‍, ലൈന്‍, ലിങ്കഡ്ഇന്‍, നിംബസ്, ദി വെതര്‍ ചാനല്‍, ട്വിറ്റര്‍ , വിചാറ്റ് തുടങ്ങി ഒട്ടേറെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനുകളും, ഗെയിമുകളും ഇപ്പോള്‍ തന്നെ ആഷ പ്ലാറ്റ്‌ഫോമില്‍ നോക്കിയ നല്‍കുന്നുണ്ട്. താമസിയാതെ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ആ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

No comments