Technews
ഇനി ഗൂഗിളിന്റെ 'ഇന്റര്‍നെറ്റ് ബലൂണുകളും'
Posted on: 29 Jun 2013
ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാന്‍ ഗൂഗിളിന്റെ ബലൂണ്‍ പരീക്ഷണം. അതിന്റെ ഭാഗമായി അതിസമ്മര്‍ദ്ദമുള്ള 30 ബലൂണുകള്‍ ന്യൂസീലന്‍ഡില്‍നിന്ന് വിക്ഷേപിച്ചു.
അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ നിയന്ത്രിതപാതയില്‍ സഞ്ചരിക്കുന്ന ബലൂണുകളിലെ ഉപകരണങ്ങള്‍ ഓരോ നിശ്ചിത പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ പര്യാപ്തമാണ്. 3ജി സ്പീഡില്‍ കണക്ടിവിറ്റി സാധ്യമാകുന്ന 50 ടെസ്റ്ററുകള്‍ ന്യൂസീലന്‍ഡിലെ വിവിധ ഭവനങ്ങളില്‍ സ്ഥാപിച്ചാണ് പരീക്ഷണം.
ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച് ഇതര വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഇത്തരം ബലൂണുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ കരുതുന്നു.
വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യത ഭൂമുഖത്ത് മൂന്നില്‍ രണ്ടുപേര്‍ക്കും ഇപ്പോഴും ഒരു സ്വപ്‌നമാണ്. അത്തരക്കാരെ ഇതുവഴി സഹായിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ പ്രസിദ്ധീകരിച്ച ബോഗ് പോസ്റ്റ് പറയുന്നു.
'പ്രോജക്ട് ലൂണ്‍' ( Project Loon ) എന്ന് പേരിട്ടിട്ടുള്ള പദ്ധതി ഗൂഗിള്‍ എക്‌സ് ( Google X ) ലാബിന്റെ സൃഷ്ടിയാണ്. ഗൂഗിള്‍ ഗ്ലാസ് ( Google glass ), ഡ്രൈവറില്ലാതെ കാറോടിക്കുന്ന വിദ്യ ഒക്കെ ഗൂഗിള്‍ എക്‌സില്‍ നിന്ന് പുറത്തുവന്ന പദ്ധതികളായിരുന്നു.
പ്ലാസ്റ്റിക്കിനുള്ളില്‍ വായുവിനെക്കാള്‍ അല്‍പ്പം ഭാരംകുറഞ്ഞ വാതകങ്ങള്‍ അതിസമ്മര്‍ദത്തില്‍ നിറച്ചാണ് 'ഇന്റര്‍നെറ്റ് ബലൂണുകള്‍' രൂപപ്പെടുത്തുന്നത്. ഭൗമാന്തരീക്ഷത്തില്‍ നിശ്ചിത ഉയരത്തില്‍ കൂടുതല്‍ നേരം നശിക്കാതെ നിലനില്‍ക്കാന്‍ ഇത് സഹായിക്കും.
1950 കളില്‍ യു.എസ്.വ്യോമസേന ഈ വിദ്യ പരീക്ഷിച്ചിരുന്നു. 'മൈലാര്‍' ( Mylar ) എന്ന് പേരുള്ള പോളിസ്റ്ററാണ് ബലൂണുണ്ടാക്കാന്‍ ഉപയോഗിച്ചത്. ഒരു പതിറ്റാണ്ടിനിടെ 88 ബലൂണുകള്‍ വിക്ഷേപിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ നിലനിന്ന ബലൂണിന്റെ ആയുസ്സ് 744 ദിവസമായിരുന്നു. ഭൂമുഖത്തെ വിദൂര പ്രദേശങ്ങളിലെ കാറ്റിന്റെയും താപനിലയുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ് ആ ബലൂണുകള്‍ ഉപയോഗിച്ചത്.
സമീപകാലത്ത് നാസ ഇത്തരം ബലൂണുകളുപയോഗിച്ച് പരീക്ഷണം നടത്തുകയുണ്ടായി. ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഇത്തരം ബലൂണുകള്‍ വിന്യസിക്കാന്‍ കഴിഞ്ഞേക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരീക്ഷണം.
ഗൂഗിള്‍ പരീക്ഷിക്കുന്ന ഒരോ ബലൂണിനും 15 മീറ്ററാണ് വ്യാസം. റേഡിയോ ആന്റീനകള്‍, ഒരു ഫ് ളൈറ്റ് കമ്പ്യൂട്ടര്‍, അന്തരീക്ഷ വിതാനനിയന്ത്രണ സംവിധാനം, സോളാര്‍പാനലുകള്‍ തുടങ്ങിയവ ബലൂണിനടിയില്‍ തൂക്കിയിട്ടിരിക്കുകയാണ്.
ഭൂപ്രതലത്തില്‍നിന്ന് 20 കിലോമീറ്ററോ അതില്‍ കൂടുതലോ ഉയരത്തില്‍ (സ്ട്രാറ്റ്‌സ്ഫിയറില്‍) ബലൂണുകളെ വിന്യസിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. സാധാരണ വിമാനങ്ങള്‍ പറക്കുന്ന വിതാനത്തിലും ഇരട്ടി ഉയരത്തിലാണ് ബലൂണുകള്‍ സ്ഥിതിചെയ്യുക.
ഓരോ ബലൂണും കുറഞ്ഞത് 100 ദിവസം വീതം നിലനില്‍ക്കുമെന്നും, ഒരോ ബലൂണും സഞ്ചരിക്കുന്നതിന് താഴെ 40 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കണക്ടിവിറ്റി പ്രദാനം ചെയ്യുമെന്നും ഗൂഗിള്‍ പറയുന്നു. പടിഞ്ഞാറ് - കിഴക്ക് ദിശയിലാണ് ബലൂണുകള്‍ സഞ്ചരിക്കുക.
ആകാശം വഴി ലോകത്തെ പരസ്പരം ബന്ധിപ്പിക്കുക എന്ന ആശയമാണ് പ്രോജക്ട് ലൂണിന് പിന്നിലുള്ളതെന്ന്, ഗൂഗിള്‍ എക്‌സിലെ റിച്ചാര്‍ഡ് ഡിവൗല്‍ പറഞ്ഞു.
No comments