Breaking News

Recent Posts:

വരുന്നു ഗാലക്‌സി നോട്ട് 3


Posted on: 08 Aug 2013



ഫാബ്‌ലറ്റ്' എന്ന സങ്കല്പത്തെ ജനകീയമാക്കിയ സാംസങ് ഗാലക്‌സി നോട്ട് പരമ്പരയിലെ മൂന്നാമന്‍ എത്തുന്നു.

സപ്തംബര്‍ നാലിന് ബര്‍ലിനില്‍ നടക്കുന്ന ചടങ്ങിലാണ് 'ഗാലക്‌സി നോട്ട്-3' ഔദ്യോഗികമായി അവതരിപ്പിക്കുക. എന്നാല്‍, ഇക്കാര്യം പറയാതെയുള്ള ക്ഷണക്കത്താണ് സാംസങ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

'Samsung Unpacked 2013-episode-2'
എന്ന തലക്കെട്ടിലാണ് ക്ഷണക്കത്ത്. 'Note the date' എന്ന് പ്രത്യേകമായി എടുത്തുപറയുന്നുമുണ്ട്. ഇതില്‍നിന്നാണ് 'നോട്ട്-3'യുടെ രംഗപ്രവേശമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുന്നത്.

സപ്തംബര്‍ ആറുമുതല്‍ 11-വരെ ബര്‍ലിനില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പോ 'IFA-2013' നടക്കുന്നുണ്ട്. ഇതിന് രണ്ടുദിവസം മുമ്പാണ് സാംസങ്ങിന്റെ ചടങ്ങ്. 'നോട്ട്' പരമ്പരയിലെ ആദ്യ രണ്ട് മോഡലുകളും ഇതേ രീതിയില്‍ത്തന്നെയാണ് അവതരിപ്പിച്ചിരുന്നത്.

'ഗാലക്‌സി-എസ് 4' ഏതാനും മാസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയപ്പോള്‍ 'എപ്പിസോഡ്-1' എന്നാണ് കമ്പനി വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്ന് സാംസങ് പുറത്തിറക്കുന്ന പ്രധാനമോഡല്‍ നോട്ടിന്റെ പുതിയ പതിപ്പ് ആയിരിക്കുമെന്ന് അന്നുമുതല്‍ പ്രചാരണമുണ്ടായിരുന്നു. 'എപ്പിസോഡ്-2'ലൂടെ അത് യാഥാര്‍ഥ്യമാവുകയാണ്.

പുതിയമോഡലിന്റെ സവിശേഷതകള്‍ സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നും കൊറിയന്‍ കമ്പനിയായ സാംസങ് നടത്തിയിട്ടില്ല. 'ചോര്‍ന്നുകിട്ടിയ വിവരം' എന്നപേരില്‍ ചിലകാര്യങ്ങള്‍ പ്രമുഖ ടെക് വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

1920 X 1080 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.7 ഇഞ്ച് ഫ്ലെക്‌സിബിള്‍ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ, മൂന്ന് ജി.ബി. റാം, എക്‌സിനോസ്-5 ഒക്ട ചിപ്പ്, 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറ, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ജെല്ലിബീന്‍ 4.3 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഇവയില്‍ ചിലത്.

നിലവിലുള്ള 4 ജി ഫോണുകളേക്കാള്‍ ഇരട്ടിവേഗം ലഭിക്കുന്ന 'എല്‍.ടി.ഇ. അഡ്വാന്‍സ്ഡ്' സംവിധാനവും പ്രതീക്ഷിക്കപ്പെടുന്നു. ഏറ്റവും നൂതനസങ്കേതങ്ങള്‍ ഉപയോഗിക്കുന്ന 'നോട്ട്-3'യുടെ വില സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല.

No comments