Breaking News

Recent Posts:

മോട്ടോ എക്‌സ് - ഉടമസ്ഥനെ 'ശ്രദ്ധിക്കുന്ന' ഗൂഗിളിന്റെ ഫോണ്‍


Posted on: 08 Aug 2013




സ്മാര്‍ട്ട്‌ഫോണുകളെല്ലാം ഉടമസ്ഥനെ 'അനുസരിക്കുന്നവ'യാണ്. എന്നാല്‍, ഉടമസ്ഥനെ തുടര്‍ച്ചയായി 'ശ്രദ്ധിച്ച്' ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന മോട്ടറോള മോട്ടോ എക്‌സ് ( Motorola Moto X ) അത്തരമൊരു സ്മാര്‍ട്ട്‌ഫോണാണ്. ഒരുപക്ഷേ, ഐഫോണിന്റെ ശരിക്കുള്ള പ്രതിയോഗി.

ഗൂഗിള്‍ 14 മാസം മുമ്പ് മോട്ടറോളയെ സ്വന്തമാക്കിയ ശേഷം കമ്പനി പുറത്തിറക്കുന്ന ആദ്യഫോണാണ് മോട്ടോ എക്‌സ്. അമേരിക്കയില്‍ ഈ മാസമവസാനം വിപണിയിലെത്തുന്ന ഫോണിന് 199 ഡോളര്‍ (12,000 രൂപ) ആണ് വില. അമേരിക്കയിലെ അഞ്ച് പ്രമുഖ മൊബൈല്‍ കമ്പനികള്‍ ഒരേസമയം മോട്ടോ എക്‌സ് വില്‍പ്പനയ്‌ക്കെത്തിക്കും.

യൂറോപ്പിലും അമേരിക്കയിലും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് മന്ദത ബാധിക്കുന്ന സമയമാണിപ്പോള്‍. കൂടുതല്‍ പുതുമ നല്‍കാന്‍ പല കമ്പനികള്‍ക്കും കഴിയാത്തതാണ് കാരണം. ഈ സമയത്ത് സ്മാര്‍ട്ട്‌ഫോണിന്റെ നൂതനമുഖമാണ് മോട്ടോ എക്‌സ് മുന്നോട്ടുവെയ്ക്കുന്നത്.

സന്ദര്‍ഭം മനസിലാക്കി പ്രവര്‍ത്തിക്കാനും, തുടര്‍ച്ചയായ നിരീക്ഷണം വഴി കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വേര്‍ പരിഷ്‌ക്കരണമാണ് മോട്ടോ എക്‌സില്‍ ഗൂഗിള്‍ വരുത്തിയിരിക്കുന്നത്. ഇതുവഴി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ അനായാസമാകും.

വിരല്‍ തൊടേണ്ട, പറഞ്ഞാല്‍ മതി

കരസ്പര്‍ശത്തിന്റെ കാര്യം ഈ സ്മാര്‍ട്ട്‌ഫോണിലില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 'ടച്ച്‌ലെസ് കണ്‍ട്രോള്‍ സിസ്റ്റ' ( Touchless Control system ) ത്തിന്റെ സഹായത്തോടെ, യൂസറുടെ ശബ്ദനിര്‍ദേശമനുസരിച്ചാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. സ്ലീപ്പ് മോഡിലാണെങ്കില്‍ പോലും, ശബ്ദം കേട്ടാലുണരും.

'Okay Google Now'
എന്ന് പറയുകയേ വേണ്ടൂ. നിങ്ങള്‍ക്കായി മോട്ടോ എക്‌സ് കാതോര്‍ക്കുകയാവുമെന്ന് സാരം!


720 X 1280 പിക്‌സല്‍സ് റിസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് മോട്ടോ എക്‌സിലുള്ളത്. ഇത്തരമൊരു പതാകവാഹക ഫോണില്‍ 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെയില്ലാത്തത് തീര്‍ച്ചയായും പോരായ്മയാണ്.

മറ്റ് സ്മാര്‍ട്ട്‌ഫോണുകലില്ലാത്ത പുതുമ മോട്ടോ എക്‌സിലെ 'എക്‌സ് 8 മൊബൈല്‍ കമ്പ്യൂട്ടിങ് സംവിധാനം' ( X8 Mobile Computing System ) ആണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഓപ്റ്റിമൈസ് ചെയ്തിട്ടുള്ള എട്ട് പ്രൊസസറുകളാണ് ഈ സംവിധാനത്തിന്റെ ഉള്ളടക്കം. ഒപ്പം 2ജിബി റാമും ഉണ്ട്.

ഒരാഴ്ച മുമ്പ് ആന്‍ഡ്രോയ്ഡ് 4.3 ഗൂഗിള്‍ പുറത്തിറക്കിയെങ്കിലും, മോട്ടോ എക്‌സിലുള്ളത് അതല്ല. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ പതിപ്പാണ് ഫോണിന്റെ പ്ലാറ്റ്‌ഫോം.

10 എംപി മുഖ്യക്യാമറയാണ് മോട്ടോ എക്‌സിലുള്ളത്. മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് അല്‍പ്പം വ്യത്യസ്തമായ ക്യാമറ സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 'ക്ലിയര്‍ പിക്‌സല്‍ ടെക്‌നോളജി' ( Clear Pixel technology ) എന്നാണ് ഇതിലുള്ള സങ്കേതത്തിന്റെ പേര്. സാധാരണമായ ആര്‍.ജി.ബി. പിക്‌സലുകള്‍ക്ക് ( RGB pixels ) പകരം, ആര്‍.ജി.ബി.സി.പിക്‌സലുകളാണ് ( RGBC pixels ) ആണ് ഇതിലുള്ളത്.

പരമ്പരാഗത ക്യാമറ സെന്‍സറിനെ അപേക്ഷിച്ച് 75 ശതമാനം വെളിച്ചം കൂടുതല്‍ ശേഖരിക്കാന്‍ ഇതിന് കഴിയും. മോട്ടോ എക്‌സിലുള്ള f/2.4 കൂടി ചേരുമ്പോള്‍ , മറ്റ് പ്രമുഖ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് രണ്ട് മടങ്ങ് വേഗത്തില്‍ ഫോട്ടോയെടുക്കാന്‍ കഴിയും. ചലനംമൂലം ചിത്രങ്ങള്‍ക്ക് വ്യക്തത കുറയുന്നത് പരിമിതപ്പെടുത്താന്‍ കഴിയുമെന്ന് സാരം.


കസ്റ്റമറൈസേഷന്റെ അനന്തസാധ്യതയാണ് മോട്ടോ എക്‌സ് മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു സവിശേഷത. വ്യത്യസ്ത നിറഭേദങ്ങളിലും ചിത്രപ്പണികളിലുമെല്ലാമുള്ള ഷെല്ലുകള്‍ ലഭ്യമാണ്. അതിനായി രണ്ടായിരത്തോളം സങ്കലനങ്ങള്‍ ലഭ്യമാകും.

കൂടിയ ബാറ്ററി ആയുസ്സ്

ഏറ്റവും ആധുനികമായ ഫീച്ചറുകള്‍ മാത്രമല്ല, വളരെ ഊര്‍ജക്ഷമത ഏറിയതുമാണ് മോട്ടോ എക്‌സ് എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 24 മണിക്കൂര്‍ ഫോണ്‍ പ്രവര്‍ത്തിക്കുമത്രേ.

മറ്റ് ആന്‍ഡ്രോയ്ഡ് പങ്കാളികളെ അപേക്ഷിച്ച് കൂടുതലെന്തെങ്കിലും ആനുകൂല്യം മോട്ടറോളയ്ക്ക് നല്‍കാന്‍ ഗൂഗിളിന് കഴിയില്ലെങ്കിലും, 'സാംസങിന്റെയും മോട്ടറോളയുടെയും സഹായത്തോടെ ഞങ്ങള്‍ക്ക് ആപ്പിളിനെതിരെ മത്സരിക്കാനാകു'മെന്ന്, ന്യൂയോര്‍ക്കില്‍ മോട്ടോ എക്‌സ് പുറത്തിറക്കിയ ചടങ്ങില്‍ ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറഞ്ഞു.

മോട്ടോ എക്‌സ് വഴി 'മോട്ടറോള അതിന്റെ എന്‍ജിനിയറിങിന്റെയും ഇന്നവേഷന്റെയും വേരുകളിലേക്ക് തിരിച്ചെത്തുകയാണ്' - മോട്ടറോള ചീഫ് എക്‌സിക്യുട്ടീവ് ഡെന്നിസ് വുഡ്‌സൈഡ് പറഞ്ഞു. 'വ്യത്യസ്തമായ എട്ട് പ്രൊസസറുകളുള്ള മോട്ടോ എക്‌സ് ഗൂഗിളിന്റെ മൊബൈല്‍ തന്ത്രത്തിന്റെ താക്കോല്‍സ്ഥാനത്ത് പ്രവര്‍ത്തിക്കു'മെന്നും അദ്ദേഹം അറിയിച്ചു.

ഐഫോണ്‍ 5 ന്റെ പിന്‍ഗാമിയെ ഈവര്‍ഷം ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐഒഎസ് 7 ( iOS7 ) ല്‍ പ്രവര്‍ത്തിക്കുന്ന ആ ഫോണാകും മോട്ടോ എക്‌സിന്റെ ഏറ്റവും വലിയ പ്രതിയോഗി.

No comments