Breaking News

Recent Posts:

41 മെഗാപിക്‌സല്‍ ക്യാമറയുമായി നോക്കിയ ലൂമിയ 1020

                                                                                                                             Posted on: 08 Jul 2013


'ഒരു സ്മാര്‍ട്ട്‌ഫോണില്‍ സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്തത്ര' മികച്ച ക്യാമറ സെന്‍സറുമായി നോക്കിയ അതിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ചു. ലൂമിയ 1020 എന്ന സ്മാര്‍ട്ട്‌ഫോണില്‍ 41 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്.

മുമ്പ് നോക്കിയ 808 പ്യുവര്‍വ്യൂ ( Nokia 808 PureView ) ഫോണില്‍ 41 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ നോക്കിയ അവതരിപ്പിച്ചിരുന്നു. അത് പക്ഷേ, വിപണിയില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. ആ സെന്‍സറിന്റെ രണ്ടാംതലമുറ വകഭേദമാണ് ലൂമിയ 1020 ല്‍ ഉപയോഗിച്ചിരിക്കുന്നത്.


4.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ലൂമിയ 1020 ല്‍ , സെന്‍സറും സൂമും ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറുകളും കൈകാര്യം ചെയ്യുന്നത് നോക്കിയ പ്രോ ക്യാമറ ആപ് ആണ്. ഡ്യുവല്‍ ക്യാപ്ച്ചറിങ് സങ്കേതമാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. എന്നുവെച്ചാല്‍, ഒരേ സമയം ഒരു ദൃശ്യത്തിന്റെ രണ്ട് ചിത്രങ്ങള്‍ ഇത് പകര്‍ത്തും. 38 മെഗാപിക്‌സലുള്ള ഉന്നത റിസല്യൂഷന്‍ ചിത്രവും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാനുള്ള അഞ്ച് മെഗാപിക്‌സല്‍ ചിത്രവുമാണ് പകര്‍ത്തുക.

'സീസ് ഓപ്ടിക്‌സ്' ( ZEISS optics ) രൂപപ്പെടുത്തിയ ലെന്‍സും ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറും ചേര്‍ന്ന്, വെട്ടംകുറഞ്ഞ അവസ്ഥയില്‍ പോലും വളരെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ലൂമിയ 1020 ലെ ക്യാമറയ്ക്ക് കഴിയും.


സ്റ്റീരിയോ ശബ്ദറിക്കോര്‍ഡിങ് സാധ്യമാക്കുന്ന നോക്കിയ റിച്ച് റിക്കോര്‍ഡിങ് ( Nokia Rich Recording ) സംവിധാനവും ഈ ഫോണിലുണ്ട്. കൂടുതല്‍ ശബ്ദവ്യക്തതോടെയുള്ള വീഡിയോ റിക്കോര്‍ഡിങ് അതുമൂലം സാധ്യമാകും.

അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന് കരുത്തു പകരുന്നത് ഡ്യുവല്‍ കോര്‍ 1.5 ഏഒ്വ പ്രൊസസറാണ്. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ത്രീജിയില്‍ 13.3 മണിക്കൂറും, ടുജിയില്‍ 19.1 മണിക്കൂറുമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്ന ടോക്ക് ടൈം. 63 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും കമ്പനി ഉറപ്പുതരുന്നു. മാത്രമല്ല, ആക്‌സസറി കവറിന്റെ സഹായത്തോടെ വയര്‍ലെസ്സ് ചാര്‍ജിങും സാധ്യമാണ്.


ഹിപ്സ്റ്റമാറ്റിക് ( Hipstamatic ) രൂപംനല്‍കിയ Oggl Pro ആപ് ലൂമിയ 1020 ലുണ്ട്. ഫോട്ടോ പിടിക്കാനും ഫില്‍റ്ററുകള്‍ പ്രയോഗിക്കാനും ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാനും സഹായിക്കുന്ന ഈ ആപ് ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലൂമിയ 1020 മാത്രമായിരിക്കും. മാത്രമല്ല, വൈന്‍ ( Vine ), പാത്ത് ( Path ), ഫ് ളിപ്പ്‌ബോര്‍ഡ് ( Flipboard ) തുടങ്ങിയ ആപ്പുകളും ലൂമിയ 1020 ലുണ്ട്.

മഞ്ഞ, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള ലൂമിയ 1020 ആദ്യം വില്‍പ്പനയ്‌ക്കെത്തുക അമേരിക്കയിലാണ്. ജൂലായ് 26 ന് അമേരിക്കന്‍ വിപണിയിലെത്തുന്ന ഫോണിന്, രണ്ടുവര്‍ഷത്തെ കരാറടക്കം 300 ഡോളര്‍ (18,000 രൂപ) ആയിരിക്കും വില. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും എന്നാണ് കരുതുന്നത്.

No comments