Breaking News

Recent Posts:

ആന്‍ഡ്രോയ്ഡിലേക്കും മൈക്രോസോഫ്റ്റ് ഓഫീസ്

Posted on: 08 Aug 2013


ഐഫോണിന് പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കും മൈക്രോസോഫ്റ്റിന്റെ ഓഫീസ് സോഫ്റ്റ്‌വേര്‍ എത്തി. അതേസമയം, ഐപാഡിന് ഇല്ലാത്തതുപോലെ ആന്‍ഡ്രോയ്‌സ് ടാബ്‌ലറ്റുകളിലും ആ ഓഫീസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 'ഓഫീസ് ആപ്' ഇടംപിടിക്കുക വഴി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് വേഡും എക്‌സലും പവര്‍പോയന്റുമൊക്കെ തങ്ങളുടെ ഫോണില്‍ ലഭ്യമാകും.

പക്ഷേ, ഓഫീസ് ആപ്ലിക്കേഷന്റെ കാര്യത്തില്‍ മൈക്രോസോഫ്‌റ്റൊരു കുടുക്ക് ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ഓഫീസ് 365 ഹോം പ്രീമിയം സോഫ്റ്റ്‌വേറിന്റെ വരിക്കാര്‍ക്ക് മാത്രമേ, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഓഫീസ് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഈ ആപ് മാത്രമായി മൈക്രോസോഫ്റ്റ് വില്‍ക്കുന്നില്ല.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെ തങ്ങളുടെ ഓഫീസ് 365 ന്റെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് ഉന്നംവെയ്ക്കുന്നതെന്ന് സാരം. ഓഫീസ് 365 ന്റെ ഒരുവര്‍ഷത്തെ വരിസംഖ്യ നൂറ് ഡോളര്‍ (ഏതാണ്ട് 6000 രൂപ) ആണ്.

മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ജൂണിലാണ് രംഗത്തെത്തിയത്. അതിന് പിന്നാലെ ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലേക്കും ഓഫീസ് എത്തിയിരിക്കുകയാണ്.

'ഓഫീസ് 365 ന്റെ വരിക്കാര്‍ക്ക് അധികമൂല്യം ഉറപ്പാക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന കാര്യം പുതിയ ആപിന്റെ റിലീസ് വ്യക്തമാക്കുന്നു' -മൈക്രോസോഫ്റ്റ് അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറഞ്ഞു. 'ഓഫീസ് 365 ന്റെ വരിക്കാര്‍ക്ക് ഇപ്പോള്‍ വിന്‍ഡോസ് ഫോണും ഐഫോണും ആന്‍ഡ്രോയ്ഡ് ഫോണും ഉപയോഗിച്ച് വേഡ്, എക്‌സല്‍ , പവര്‍പോയന്റ് ഫയലുകള്‍ വിളിക്കാനും കാണാനും എഡിറ്റ് ചെയ്യാനും സാധിക്കും'-ബ്ലോഗ് പറയുന്നു.


ചെറിയ സ്‌ക്രീനുകളെ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തതാണ് ഓഫീസ് മൊബൈലിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ടാബ്‌ലറ്റുകളുടെ വലിയ സ്‌ക്രീനില്‍ ഓഫീസ് ഫയലുകള്‍ എഡിറ്റ് ചെയ്യാനാണ് പലരും താത്പര്യപ്പെടുന്നത്. ഐപാഡുകള്‍ക്കും ആന്‍ഡ്രോയ്ഡ് ടാബുകള്‍ക്കുമായി 'ഓഫീസ് വെബ്ബ് ആപ്‌സ്' ( Office Web Apps ) എന്ന പേരില്‍ ഒരു വേര്‍ഷന്‍ ഉണ്ട്. പക്ഷേ, അത് വെബ്ബ് ബ്രൗസറിലേ പ്രവര്‍ത്തിക്കൂ, സ്ഥിരമായ ഓണ്‍ലൈന്‍ കണക്ഷന്‍ വേണം.

അതേസമയം, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓഫ്‌ലൈനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ആന്‍ഡ്രോയ്ഡ് ഓഫീസ് മൊബൈല്‍.

ഓഫീസ് 365 ന്റെ ഓരോ വരിക്കാരനും അത് പത്ത് ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് അനുമതി നല്‍കുന്നു. അതില്‍ അഞ്ചെണ്ണം വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളോ, വിന്‍ഡോസ് ടാബ്‌ലറ്റോ ആകാം. ബാക്കി അഞ്ചെണ്ണം ഐഫോണുകളും ആന്‍ഡ്രോയ്ഡ് ഫോണുകളുമാകാം. ഓഫീസ് മുന്‍കൂറായി ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ളതിനാല്‍ വിന്‍ഡോസ് ഫോണുകളെ ഇതിന്റെ കൂടെ കൂട്ടേണ്ടതില്ല.

ആന്‍ഡ്രോയ്ഡ് 4.0 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളിലേ ഓഫീസ് ആപ് പ്രവര്‍ത്തിക്കൂ. ഗൂഗിളിന്റെ ഓണ്‍ലൈന്‍ പ്ലേ സ്റ്റോര്‍ വഴി അമേരിക്കയിലാണ് പുതിയ ആപ് ഇപ്പോള്‍ ലഭിച്ചുതുടങ്ങിയത്. താമസിയാതെ മറ്റ് രാജ്യങ്ങളിലേക്ക് 30 വ്യത്യസ്ത ഭാഷകളില്‍ പുതിയ ആപ് എത്തിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.

അതേസമയം, ബ്ലാക്ക്ബറി ഫോണുകളിലേക്ക് ഓഫീസ് എത്തിക്കാനുള്ള ഒരു പദ്ധതിയും മൈക്രോസോഫ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

No comments