Breaking News

Recent Posts:

Technews


എക്‌സ്പീരിയ സെഡ് അള്‍ട്ര - സോണിയുടെ ഫാബ്‌ലറ്റ്‌
Posted on: 1 July 2013





സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റ് കമ്പ്യൂട്ടറും തമ്മിലെന്താണ് വ്യത്യാസം? സ്‌ക്രീന്‍വലിപ്പം എന്നതാണുത്തരം. മൂന്നിഞ്ച് മുതല്‍ അഞ്ചിഞ്ച് വരെയാണ് സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വിസ്താരമെങ്കില്‍, ഏഴിഞ്ച് മുതല്‍ മേല്‍പ്പോട്ടാണ് ടാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ വലിപ്പം. സ്‌ക്രീന്‍വലിപ്പം കൂടിയ സ്മാര്‍ട്‌ഫോണുകളെ വിശേഷിപ്പിക്കാനാണ് ടെക്പണ്ഡിതര്‍ 'ഫാബ്‌ലറ്റ്' എന്ന പുതുവാക്ക് സൃഷ്ടിച്ചത്. അഞ്ചര ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമുള്ള ഏതൊരു സ്മാര്‍ട്‌ഫോണിനെയും ഫാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കാം. സ്മാര്‍ട്‌ഫോണിനും ടാബ്‌ലറ്റിനും മധ്യേയുള്ള ഉപകരണം എന്നേ ഈ വാക്കിനര്‍ഥമുള്ളൂ.

ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും ഒരുമിച്ച് കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഈ സങ്കരഗാജ്ഡറ്റ് വാങ്ങിയാല്‍ മതിയെന്ന് കാശുള്ളവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഫാബ്‌ലറ്റുകള്‍ക്ക് പ്രിയമേറിയിരിക്കുകയാണ്.

2012 ല്‍ ലോകമെങ്ങുമായി 150 കോടി ആന്‍ഡ്രോയ്ഡ് ഫാബ്‌ലറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് ട്രാന്‍സ്പറന്‍സി മാര്‍ക്കറ്റ് റിസര്‍ച്ച് എന്ന സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. 2018 ആകുമ്പോഴേക്കും 400 കോടി ഫാബ്‌ലറ്റുകള്‍ പ്രതിവര്‍ഷം വിറ്റഴിയുമെന്നും ഇവര്‍ പ്രവചിക്കുന്നു. ഫാബ്‌ലറ്റ് വിപണിയുടെ 70 ശതമാനവും ഇപ്പോള്‍ കൈയടക്കിവച്ചിരിക്കുന്നത് കൊറിയന്‍ കമ്പനിയായ സാംസങ് തന്നെ. ഗാലക്‌സി നോട്ട് 2 പോലുള്ള ഭീമന്‍ ഫോണുകളുടെ സ്വീകാര്യതയാണ് ഫാബ്‌ലറ്റ് രംഗത്ത് സാംസങിന് മേല്‍ക്കൈ നേടിക്കൊടുത്തത്.


വമ്പന്‍ഫോണുകളുടെ വിപണി സാംസങ് കുത്തകയാക്കി വെയ്ക്കുന്നതില്‍ അസൂയ പൂണ്ടിട്ടാണോ എന്നറിയില്ല, ജപ്പാന്‍ കമ്പനിയായ സോണിയും ഇപ്പോഴൊരു വലിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഫാബ്‌ലറ്റ് നിരയില്‍ പെടുത്താവുന്ന ഈ മോഡലിന്റെ പേര് സോണി എക്‌സ്പീരിയ സെഡ് അള്‍ട്ര ( Sony Xperia Z Ultra ) എന്നാണ്.

ഈ വര്‍ഷം ഫിബ്രവരിയില്‍ സോണി പുറത്തിറക്കിയ എക്‌സ്പീരിയ സെഡ് വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയിരുന്നു. അഞ്ചിഞ്ച് ഡിസ്്‌പ്ലേയോടുകൂടിയ എക്‌സപ്‌രിയ സെഡിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനാണ് ഇപ്പോഴിറക്കിയിട്ടുള്ള എക്‌സ്പീരിയ സെഡ് അള്‍ട്ര. സ്‌ക്രീന്‍ വലിപ്പത്തിലാണ് പുതിയ മോഡലില്‍ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടുള്ളത്. 1920 X 1080 പിക്‌സല്‍സ് റിസൊല്യൂഷനും 6.4 ഇഞ്ച് വലിപ്പവുമുള്ള വമ്പന്‍ സ്‌ക്രീനാണ് സെഡ് അള്‍ട്രയ്ക്കുളളത്.

മാത്രമല്ല, വളരെ കനംകുറഞ്ഞ ബോഡിയാണ് ഈ ഫാബ്‌ലറ്റിന്റേത് -വെറും 6.5 മില്ലിമീറ്റര്‍ മാത്രം. എന്നാല്‍, അടുത്തയിടെ ചൈനീസ് കമ്പനിയായ ഹ്വാവേ അവതരിപ്പിച്ച 'അസെന്‍ഡ് പി 6' സ്മാര്‍ട്ട്‌ഫോണിന് 6.18 മില്ലിമീറ്റര്‍ കനമേയുള്ളൂ.

സ്മാര്‍ട്‌ഫോണുകള്‍ക്കായി സോണി പ്രത്യേകം വികസിപ്പിച്ചെടുത്ത 'ട്രിലൂമിനസ് ഡിസ്‌പ്ലേ' ആദ്യമായി ഉപയോഗിക്കപ്പെടുന്നത് എക്‌സ്പീരിയ സെഡ് അള്‍ട്രയിലാണ്. ഓരോ ചിത്രത്തിന്റെയും കളര്‍ കോമ്പോസിഷന്‍ പരിശോധിച്ച് കുറവുള്ള പിക്‌സലുകള്‍ കൂട്ടിച്ചേര്‍ത്ത ശേഷമാവും സ്‌ക്രീനില്‍ തെളിയുക. സോണി ബ്രേവിയ ടി.വിയില്‍ ഇതിനു സമാനമായ സാങ്കേതികവിദ്യ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.

മറ്റ് ഫോണുകളേക്കാള്‍ 60 ശതമാനം അധികമികവോടെയാണ് സെഡ് അള്‍ട്രയില്‍ എച്ച്ഡി വീഡിയോകള്‍ തെളിയുകയെന്ന് സോണി അവകാശപ്പെടുന്നു. സ്‌റ്റൈലസിന് പകരം പെന്നോ പെന്‍സിലോ ഉപയോഗിച്ചുപോലും എഴുതാവുന്നതാണ് ഈ സ്‌ക്രീന്‍.


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 2.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. 64 ജിബി മൈക്രോ എസ്ഡി കാര്‍ഡ് വരെ ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന ഫോണില്‍ എട്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

എക്‌സ്പീരിയ സെഡിന്റെ പ്രധാന ആകര്‍ഷണമായ വാട്ടര്‍പ്രൂഫ് ശേഷി അള്‍ട്രയ്ക്കുമുണ്ടെന്ന് സോണി പറയുന്നു. ഒന്നര മീറ്റര്‍ വെള്ളത്തിനിടയില്‍ അരമണിക്കൂര്‍ മുക്കിയിട്ടാല്‍ പോലും ഫോണിനുള്ളില്‍ ഒരു തുള്ളി വെള്ളം കയറില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

3000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളിലുള്ളത്. 11 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 120 മണിക്കൂര്‍ ഓഡിയോ പ്ലേബാക്ക് ശേഷിയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

അടുത്തമാസം പകുതിയോടെ എക്‌സ്പീരിയ സെഡ് അള്‍ട്ര വില്പനയ്‌ക്കെത്തുമെന്ന് സോണി ഉറപ്പിച്ചുപറയുന്നു. ഇതിനെന്ത് വിലയാകുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

No comments