Breaking News

Recent Posts:

Technews


ത്രീഡി പ്രിന്റിങ് അവിടെ നില്‍ക്കട്ടെ; വരുന്നു 4ഡി പ്രിന്റിങ് !
Posted on: 1 july 2013



ത്രീഡി പ്രിന്റിങ് തന്നെ ആളുകള്‍ ഇനിയും ശരിക്ക് പരിചയപ്പെട്ടു തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഇതാ 4ഡി പ്രിന്റിങുമായി ഗവേഷകര്‍ എത്തിയിരിക്കുന്നു! സ്വയം രൂപംപ്രാപിക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ 4ഡി പ്രിന്റിങ് സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം.

എളുപ്പത്തില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുക പോലുള്ള സംഗതികള്‍ക്ക് ഭാവിയില്‍ ഈ സങ്കേതം പ്രയോജനപ്പെട്ടേക്കും. ഉദാഹരണത്തിന്, കുഴിച്ചിട്ടിരിക്കുന്ന ജലവിതരണ പൈപ്പുകള്‍ റോഡ് കുഴിക്കാതെ തന്നെ റിപ്പയര്‍ ചെയ്യാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. അല്ലെങ്കില്‍, സ്വയം രൂപംമാറുന്ന ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ കിട്ടുന്ന കാര്യം.

കഴിഞ്ഞയാഴ്ച ലോസ് ആഞ്ചലസില്‍ ടെഡ് (TED) സമ്മേളനവേദിയിലാണ് 4ഡി പ്രിന്റിങ് സങ്കേതത്തിന്റെ ആദ്യ അവതരണം നടന്നത്. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ആര്‍ക്കിടെക്ടും കമ്പ്യൂട്ടര്‍വിദഗ്ധനുമായ സ്‌കൈലാര്‍ ടിബിറ്റ്‌സ് ആണ് 4ഡി പ്രിന്റിങ് അവതരിപ്പിച്ചത്.

4ഡി പ്രിന്റിങ് പ്രക്രിയ വഴി വസ്തുക്കള്‍ എങ്ങനെ സ്വയംരൂപം പ്രാപിക്കുന്നു എന്നും ടിബിറ്റ്‌സ് കാട്ടിത്തന്നു. 'ഇവിടെ നാലാമത്തെ മാനം (ഡൈമന്‍ഷന്‍) സമയം തന്നെയാണ്. നിശ്ചലമായിരിക്കുന്ന വസ്തുക്കള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുകയും രൂപഘടന മാറുകയും ചെയ്യുന്ന സമയം' -അദ്ദേഹം പറഞ്ഞു.

ഒന്നിലേറെ പാളികളുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒരു സവിശേഷ 3ഡി പ്രിന്ററാണ് പുതിയ പ്രക്രിയയ്ക്കായി ടിബിറ്റ്‌സും കൂട്ടരും ഉപയോഗിച്ചത്. വെള്ളം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ഒരു 'സ്മാര്‍ട്ട്' വസ്തു സന്നിവേശിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് നാരുകള്‍, 3ഡി പ്രിന്റിങ് വഴിയുണ്ടാക്കിയ വസ്തുവിന്റെ ഭാഗമായിട്ടായിരുന്നു നിര്‍മാണം.

ഒരിക്കല്‍ ഇത് പ്രിന്റ് ചെയ്തുകഴിഞ്ഞാല്‍, വെള്ളമാണ് ആ വസ്തുവിന് വികസിക്കാനുള്ള ഊര്‍ജസ്രോതസ്സായി മാറുക. ഉറപ്പുള്ള വസ്തു പ്രത്യേക ഘടനയായി രൂപപ്പെടുന്നു. അതിനായി അതിനെ വളയ്ക്കുകയും തിരിക്കുകയും ചെയ്യാന്‍ വസ്തുവിലെ വിവധ പാളികളുടെ സാന്നിധ്യം സഹായിക്കുന്നു -ടിബിറ്റ്‌സ് പറഞ്ഞു.

'ഇവിടെ പ്രിന്റിങില്‍ പുതമയൊന്നുമില്ല. എന്നാല്‍, പ്രിന്റിങ് കഴിഞ്ഞ് എന്തുസംഭവിക്കുന്നു എന്നതാണ് പ്രധാനം' -അദ്ദേഹം അറിയിച്ചു. ഫര്‍ണിച്ചറുകള്‍, ബൈക്കുകള്‍, കാറുകള്‍, കെട്ടിടങ്ങള്‍ എന്നിങ്ങനെ വിവിധ സംഗതികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍മിക്കാന്‍ ഭാവിയില്‍ ഈ സങ്കേതം സഹായിച്ചേക്കുമെന്ന് ടിബിറ്റ്‌സ് പ്രതീക്ഷിക്കുന്നു.

'കൂടുതല്‍ വെള്ളമൊഴുകുമ്പോള്‍ അതിനനുസരിച്ച് ജലവിതരണ പൈപ്പ് വികിസിക്കുന്ന കാര്യം ചിന്തിച്ചുനോക്കൂ. റോഡ് കുഴിച്ചുള്ള പൈപ്പ് നന്നാക്കല്‍ എത്ര കുറയ്ക്കാനാകും' - അദ്ദേഹം ചോദിക്കുന്നു.

ഗവേഷണം പ്രാഥമിക ഘട്ടത്തിലാണ്. ത്രീഡി പ്രിന്റിങിനെയും കടത്തിവെട്ടി 4ഡി പ്രിന്റിങ് മുന്നേറുമോ എന്നകാര്യം അറിയാനിരിക്കുന്നതേയുള്ളൂ.

No comments