Breaking News

Recent Posts:

കരുത്തിന്റെ പര്യായമായി എല്‍ജിയുടെ ജി 2 സ്മാര്‍ട്ട്‌ഫോണ്‍

Posted on: 08 Aug 2013


സാംസങിന്റെ ഗാലക്‌സി എസ് 4, മോട്ടറോളയുടെ മോട്ടോ എക്‌സ്, എച്ച്ടിസി വണ്‍-ഇതൊന്നും നിങ്ങളില്‍ മതിപ്പുളവാക്കിയില്ലേ. എങ്കിലിതാ, അവയോടൊക്കെ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ എല്‍ജിയില്‍ നിന്നൊരു മുന്‍നിര ഫോണെത്തുന്നു : ജി 2 സ്മാര്‍ട്ട്‌ഫോണ്‍.

സംഭവം ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ്. പവര്‍, വോള്യം ബട്ടണുകള്‍ ജി 2 ഫോണിന്റെ പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. വശങ്ങളിലല്ലാതെ പിന്‍ഭാഗത്ത് ബട്ടണുകള്‍ സ്ഥാപിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തുന്നത് ആദ്യമായാണ്.

ഇതുകൊണ്ട് തീരുന്നില്ല ജി 2 വിന്റെ സവിശേഷതകള്‍. മോട്ടോ എക്‌സ്, ഗാലക്‌സി എസ് 4, എച്ച്ടിസി വണ്‍ എന്നീ ഫോണുകളെ കടത്തിവെട്ടുന്നത്ര കരുത്തുള്ള പ്രൊസസറാണ് ജി 2 വിലേത് - 2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍.

പ്രൊസസര്‍ മാത്രമല്ല, ബാറ്ററിയും കൂടുതല്‍ മികവുള്ളതാണ്. 3000 mAh ബാറ്ററി പെട്ടന്ന് ചോര്‍ന്നു തീരാതിരിക്കാന്‍ സവിശേഷമായ ഒരു ഗ്രാഫിക്‌സ് കാര്‍ഡിന്റെ സഹായം ഫോണില്‍ തേടിയിരിക്കുന്നു. മാത്രല്ല, മികവുറ്റ ശബ്ദസങ്കേതങ്ങളും ഫോണിലുണ്ട്. 13 എംപി മുഖ്യക്യാമറയാണ് ഫോണിലേത്; 2.1 എംബി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഫാബ്‌ലറ്റ് നിരയിലേക്ക് ജി 2 വിനെ എത്തിക്കുന്നതാണ് അതിന്റെ സ്‌ക്രീന്‍ വലിപ്പം - 5.2 ഇഞ്ച്. ഫുള്‍ എച്ച്ഡി (1080 X 1920 പിക്‌സലുകള്‍) ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്.

സാംസങ് ഗാലക്‌സി എസ് 4 ന് സമാനമായി ഒട്ടേറെ സോഫ്റ്റ്‌വേര്‍ പുതുമകളുമായാണ് ജി 2 വിന്റെ വരവ്. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 പതിപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം. മള്‍ട്ടിടാസ്‌കിങ് അനായാസമായി നടക്കും. ടിവി പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള റിമോട്ട് കണ്‍ട്രോളും ഉണ്ട്.

ഉപഭോക്താക്കളുടെ ജീവിതശൈലിയെക്കുറിച്ച് വിശദമായി നടത്തിയ ഗവേഷണങ്ങളുടെ വെളിച്ചത്തിലാണ് പുതിയ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എല്‍ജി പറയുന്നു. കറുപ്പും വെളുപ്പും നിങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ദക്ഷിണകൊറിയ, വടക്കേയമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലാകും ഫോണ്‍ ആദ്യം വിപണിയിലെത്തുക. എട്ട് ആഴ്ചയ്ക്കകം ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയില്‍ അതിന് ഏതാണ്ട് 40,000 രൂപ വിലവരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

No comments